ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് വീണ്ടും പരിഷ്കരിച്ച് എണ്ണ വിതരണ കമ്പനികൾ. 19 കിലോയുടെ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ LPG സിലിണ്ടറുകളുടെ നിരക്ക് കുറയ്‌ക്കുന്നത്.
ജനുവരി ഒന്നിന് സമാനമായി നിരക്ക് കുറച്ചിരുന്നു. 14.5 രൂപയാണ് കഴിഞ്ഞ മാസം കുറച്ചത്. ഇതോടെ 1,818.5 രൂപയിൽ നിന്ന് 1,804 രൂപയായി കുറഞ്ഞിരുന്നു. നിലവിൽ ഏഴ് രൂപ കൂടി കുറച്ചതോടെ ഡൽഹിയിൽ ലഭ്യമാകുന്ന വാണിജ്യ സിലിണ്ടറുകളുടെ വില 1,804 രൂപയിൽ നിന്ന് 1,797 രൂപയായി കുറയും.
അതേസമയം, പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് ഡൽഹിയിൽ വില 803 രൂപയാണ്. മറ്റ് പ്രധാന നഗരങ്ങളായ ലക്നൗവിൽ 840.50 രൂപ; മുംബൈയിൽ 802.50 രൂപ; ചെന്നൈയിൽ 818.50 രൂപ; കൊൽക്കത്തയിൽ 829 രൂപ എന്നിങ്ങനെയാണ് നിരക്ക്.