ന്യൂഡൽഹി: തുടർച്ചയായി എട്ടാം തവണയും ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഓരോ തവണ അവർ ബജറ്റ് അവതരണത്തിന് എത്തുമ്പോഴും നിർമല ധരിച്ചിരുന്ന വസ്ത്രമടക്കം വലിയ ചർച്ചയായിരുന്നു. ഇത്തവണ റെക്കോർഡ് ബജറ്റ് പ്രഖ്യാപനമാണെന്നിരിക്കെ ധനമന്ത്രി ഇന്നേദിവസം ധരിക്കാൻ തെരഞ്ഞെടുത്ത സാരിയും അത്യധികം സവിശേഷതയുള്ളതാണ്.
സ്വർണനിറത്തിലുള്ള ബോർഡറിൽ ഓഫ്-വൈറ്റ് കളർ ഹാൻഡ്ലൂം സിൽക്ക് സാരിയും ചുവന്ന ബ്ലൗസുമാണ് കേന്ദ്രബജറ്റ് 2025-26 അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ അണിഞ്ഞത്. ഇതിൽ പരമ്പരാഗത ചിത്രകലാരൂപമായ മധുബാനി പെയിന്റിംഗ് അവലംബിച്ചിട്ടുണ്ട്. മത്സ്യത്തെ പ്രമേയമാക്കിയുള്ള മധുബാനി പെയിന്റിംഗാണ് ഹാൻഡ് ലൂം സാരിയിൽ സവിശേഷമായി ഒരുക്കിയിരിക്കുന്നത്.
പുരാതനകാലത്ത് ബിഹാറിലെ മിഥിലയിൽ ആരംഭിച്ച നാടൻ ചിത്രകലയാണ് മധുബാനി. പ്രകൃതിയേയും മിത്തോളജിയേയും വർണാഭമായി ആവിഷ്കരിക്കുന്ന മധുബാനി ആർട്ടിനെ അതിമനോഹരമായി നിർമലയുടെ സാരിയിൽ ചിത്രീകരിച്ചിട്ടുമുണ്ട്. പദ്മശ്രീ പുരസ്കാര ജേതാവായ ദുലാരി ദേവിയാണ് നിർമലയ്‌ക്കായി മധുബാനി സാരി പ്രത്യേകം തയ്യാറാക്കിയത്.















