പത്തനംതിട്ട: രാഷ്‌ട്ര ശരീരത്തെ സമന്വയിപ്പിക്കുന്ന സനാതന ധർമ്മബോധം ഉണർത്തുന്നതാകണം വിദ്യാഭ്യാസം എന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ദേശീയ അധ്യാപക പരിഷത്തിന്റെ 46- )o സംസ്ഥാന സമ്മേളനത്തിന്റെ സമന്വയ സഭ അബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംഘടനയെ ശരീരമായി ഉപമിക്കുമ്പോൾ വിവിധ ധർമങ്ങളുള്ള നിരവധി അവയവങ്ങളെ സംയോജിപ്പിക്കുന്ന പ്രാണ ചൈതന്യം, നാഡീവ്യൂഹം, രക്തചംക്രമണ വ്യവസ്ഥ ഇവയുടെ സമുചിതമായ പ്രവർത്തനം വേണം.. രാഷ്‌ട്ര ശരീരത്തെ സമന്വയിപ്പിക്കുന്ന പ്രാണൻ സനാതന ധർമം, നാഡീവ്യൂഹം – ദേശീയത, ആർഷ സംസ്കാരമാണ് രക്തസംക്രമണ വ്യവസ്ഥ – സമന്വയ രാഷ്‌ട്രത്തിന്റെ സുസ്ഥിതി ഈ മൂന്ന് ഘടകങ്ങൾ ഉചിതമായി പ്രവർത്തിക്കണം.അതു തന്നെയാണ് വിവിധ ക്ഷേത്ര സംഘടനകളെ ചേർത്ത് നിർത്തി നടത്തുന്ന ഈ സമന്വയ സഭയുടെ ലക്ഷ്യം” . അദ്ദേഹം കുട്ടിച്ചേർത്തു.
ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ച സമന്വയ സഭയിൽ ബി എം എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ പ്രസന്നകുമാർ, എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേഷ്, എ ബി വി പി സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവൻ , പെൻഷണേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി സുരേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ ജെ ശ്രീനി സ്വാഗതവും സംസ്ഥാന വനിതാവിഭാഗം കൺവീനർ പി ശ്രീദേവി നന്ദിയും പറഞ്ഞു.















