ന്യൂഡൽഹി: തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രബജറ്റ് 2025-26ലെ പ്രഖ്യാപനങ്ങൾ ഭാരതത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യവർഗത്തിന് ശക്തിപകരുന്ന ബജറ്റാണിതെന്നും മുൻതൂക്കം നൽകുന്നത് വികസനത്തിനാണെന്നും അവർ വ്യക്തമാക്കി.
വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ഈ ബജറ്റ് ശാക്തീകരിക്കും. രാജ്യത്ത് സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യം. യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയവരുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നിർമല അറിയിച്ചു. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാളും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേതാണ്. വളർച്ചയുടെ പാതയിൽ എല്ലാവരേയും ഉൾക്കൊണ്ട് ഒരുമിച്ച് കൊണ്ടുപോകാനാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ബഹളം വച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി സ്പീക്കർ ഓം ബിർള സഭയിലേക്ക് എത്തിയതും ബഹളം ആരംഭിച്ച പ്രതിപക്ഷ എംപിമാർ നിർമലയുടെ ബജറ്റ് അവതരണം തുടങ്ങിയിട്ടും കുംഭമേളയെ ചൊല്ലി ബഹളം തുടർന്നിരുന്നു. ഒടുവിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.















