ന്യൂഡൽഹി: വിദ്യാർത്ഥികൾ ഡിജിറ്റൽ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രബജറ്റ് 2025-26ലെ പ്രഖ്യാപനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഭാരതീയ ഭാഷ പുസ്തക് സ്കീമിനെക്കുറിച്ച് ധനമന്ത്രി പരാമർശിച്ചത്.
ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ഡിജിറ്റൽ പുസ്തകങ്ങൾ ഇതുവഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകും. സ്കൂൾ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകമാകുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതുകൂടാതെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഉറപ്പാക്കും. ഭാരത് നെറ്റ് പദ്ധതിക്ക് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകുന്നതാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും. കുട്ടികളിൽ ശാസ്ത്രീയ അവബോധവും സയന്റിഫിക് ടെമ്പറും വർദ്ധിപ്പിക്കുന്നതിനും ഇന്നോവേഷൻ കൊണ്ടുവരുന്നതിനും ഇത് സഹായകമാകുമെന്ന് ധനമന്ത്രി അറിയിച്ചു.
ഇതുകൂടാതെ എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡേ കെയർ ക്യാൻസർ സെന്ററുകൾ സ്ഥാപിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 200 സെന്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകി.















