ന്യൂഡൽഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ ജനകീയ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് തൊട്ടുപിന്നാലെ സംസാരിച്ച മോദി, കേന്ദ്രമന്ത്രിയെയും സംഘത്തിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചു.
ബജറ്റ് സർക്കാർ വരുമാനത്തിൽ നിന്ന് വ്യക്തിഗത സമ്പാദ്യത്തിലേക്കും വികസനത്തിലെ പങ്കാളിത്തത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “സാധാരണയായി, സർക്കാർ ഖജനാവ് എങ്ങനെ നിറയ്‌ക്കുമെന്നതിലാണ് ബജറ്റിന്റെ ശ്രദ്ധ, എന്നാൽ ഈ ബജറ്റ് അതിന് വിപരീതമാണ്,” അദ്ദേഹം പറഞ്ഞു. സമ്പാദ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ചയിൽ പൗരന്മാരെ പങ്കാളികളാക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യമാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവോർജത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സുപ്രധാനമായ ചുവടുവയ്പാണെന്ന് ബജറ്റിലെ പ്രഖ്യാപനങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ആണവോർജത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ സിവിൽ ന്യൂക്ലിയർ എനർജിയുടെ പങ്ക് ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിലെ ടൂറിസം പദ്ധതികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഈ മേഖലയ്‌ക്ക് കാര്യമായ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട 50 ടൂറിസ്റ്റ് സ്റ്റേഷനുകളിൽ ഹോട്ടലുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകൾ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുമെന്നും വലിയൊരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















