ന്യൂഡൽഹി: പോസ്റ്റ് ഓഫീസുകളുടെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ വിപുലമായ പദ്ധതി തയ്യാറാകുന്നു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുകളെ ലോജസ്റ്റിക്ക് കേന്ദ്രങ്ങളാക്കി മാറ്റുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
ഇന്ത്യൻ പോസ്റ്റിനെ ഒരു പ്രധാന പൊതു ലോജസ്റ്റിക്സ് സ്ഥാപനമാക്കി മാറ്റും. ഭാവിയിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമായി പോസ്റ്റ് ഓഫീസുകൾ മാറുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ എല്ലാം കോണിലും പോസ്റ്റ് ഓഫീസ് സേവനം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തി ലോജസ്റ്റിക്ക് സേവനം കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം.
അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ തപാൽ വകുപ്പിന്റെ വരുമാനം 50-60 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.















