ഇന്നും നാട്ടിൻപുറങ്ങളിൽ കല്യാണ പിരിവ് നടക്കാറുണ്ടെന്ന് നടൻ ദീപക് പറമ്പോൽ. കല്യാണത്തിന് ആരൊക്കെ വന്നെന്നും എത്ര രൂപ തന്നെന്നുമുള്ള വിവരങ്ങൾ ബുക്കിൽ എഴുതിവയ്‌ക്കാറുണ്ടെന്നും തന്നവർക്ക് അതുപോലെ തിരികെ കൊടുക്കാറുണ്ടെന്നും ദീപക് പറഞ്ഞു. പൊൻമാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു ദീപകിന്റെ പ്രതികരണം. കല്യാണത്തെയും സ്ത്രീധനത്തെയും ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് പൊൻമാൻ.
“എല്ലായിടത്തും ഇപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് കല്യാണ പിരിവ്. കല്യാണത്തിന്റെ തലേദിവസം ആരൊക്കെ എത്രയൊക്കെ തന്നുവെന്ന് എഴുതാൻ വേണ്ടി കുറച്ച് ആളുകൾ ഉണ്ടായിരിക്കും. ഒരു ബുക്ക് നിറച്ചൊക്കെ എഴുതിവയ്‌ക്കും. തന്നവർക്ക് തിരികെ കൊടുക്കാൻ വേണ്ടിയാണ് അങ്ങനെ എഴുതിവയ്‌ക്കുന്നത്. അവർക്ക് ആവശ്യം വരുമ്പോൾ തിരികെ കൊടുക്കുക എന്നതാണ് രീതി”.
എഴുതി വയ്‌ക്കുന്നത് ഇന്ന് കുറവാണ്. മര്യാദയുടെ പേരിലാണ് പലരും കല്യാണത്തിന് പണം കൊടുക്കുന്നത്. പക്ഷേ, പണ്ട് അങ്ങനെയല്ലായിരുന്നു. എന്റെ കല്യാണത്തിന് ഞാൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. കല്യാണത്തിന്റെ ക്ഷണക്കത്തിൽ തന്നെ പണം വേണ്ടെന്ന് താൻ എഴുതിയിട്ടുണ്ടായിരുന്നെന്നും ദീപക് പറമ്പോൽ പറഞ്ഞു.















