ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26നായി ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിലേക്ക് എത്തിയതുമുതൽ ചർച്ചയാകുന്ന വാക്കാണ് മധുബാനി. പരമ്പരാഗത നാടൻ ചിത്രകലാരൂപമായ മധുബാനിയെ പ്രതിനിധീകരിക്കുന്നതായിരുന്നു നിർമല ധരിച്ചിരുന്ന സാരി. സ്വർണനിറമുള്ള ബോർഡറിൽ പാൽനിറമുള്ള ഹാൻഡ്ലൂം സാരിയായിരുന്നു നിർമലയുടെ വേഷം. പദ്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച മധുബാനി സാരിയാണ് തന്റെ എട്ടാമത് ബജറ്റ് അവതരണദിവസം ധരിക്കാനായി നിർമല തെരഞ്ഞെടുത്തത്.
താൻ നൽകിയ സാരി ധരിച്ച് നിർമലയെ കാണാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് ദുലാരി ദേവി പ്രതികരിച്ചു. അടുത്തിടെ മിഥിലയിലേക്ക് ധനമന്ത്രി വന്നപ്പോഴായിരുന്നു സാരി കൈമാറിയത്. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഇത് ധരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ദിവസം ആ സാരി തന്നെ അവർ ധരിച്ചുവെന്നതിൽ താൻ അതീവ സന്തുഷ്ടയാണ്. ബിഹാറിനും ഈ രാജ്യത്തിനുമുള്ള ആദരം കൂടിയാണിതെന്നും ദുലാരി ദേവി പറഞ്ഞു. ഒരു മാസത്തോളം സമയമെടുത്താണ് ആ സാരി നിർമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ബിഹാറിൽ നിന്നുള്ള പ്രഗത്ഭയായ മധുബാനി കലാകാരിയാണ് ദുലാരി ദേവി. മിതില ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ ധനമന്ത്രി എത്തിയപ്പോഴായിരുന്നു മധുബാനി സാരി ദുലാരി ദേവി സമ്മാനിച്ചത്.
മധുബാനി കല സ്വായത്തമാക്കുന്നതിനായി ദുലാരി ദേവി നടത്തിയ യാത്ര ചെറുതല്ല. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ദുലാരിക്ക് കുട്ടിക്കാലത്ത് പെയിന്റിംഗ് എന്താണെന്ന് അറിയുകപോലുമില്ലായിരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ദുലാരി ദേവി 16-ാം വയസിൽ കുഞ്ഞിനെ നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയി. പിന്നീട് വീട്ടുജോലി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നതിനിടെയാണ് ചിത്രകലയിലേക്ക് വരുന്നത്. മധുബാനിയിൽ പ്രഗത്ഭയായ കർപൂരി ദേവിയെ പരിചയപ്പെട്ടതോടെ ദുലാരി ദേവിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പതിയെ ചിത്രകലയിൽ അഭിനിവേശം തോന്നിയ ദുലാരി ആ കലാരൂപം പഠിച്ചെടുത്തു.
അടിമുടി തളർത്തുന്ന ജീവിതസാഹചര്യമുണ്ടായിട്ടും തളരാതെ അവർ ജോലി ചെയ്തു, ചിത്രങ്ങൾ വരച്ചു. സാമൂഹിക പ്രശ്നങ്ങളെ അവർ ചിത്രങ്ങളിലൂടെ വരച്ചുകാട്ടി. ശൈശവ വിവാഹം, എയ്ഡ്‌സ്, പെൺഭ്രൂണഹത്യ എന്നിവയ്‌ക്കെല്ലാം മധുബാനിയിലൂടെ ദുലാരി ദേവി നിറംപകർന്നു. മിഥില ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സേവാ മിഥില സൻസ്ഥാൻ തുടങ്ങിയ സംഘടനകൾ മുഖേന 1000-ലധികം വിദ്യാർത്ഥികളെ അവർ മധുബാനി പരിശീലിപ്പിച്ചിട്ടുണ്ട്.
പുരാതനകാലാത്ത് ബിഹാറിലെ മിഥിലയിൽ ആരംഭിച്ച നാടൻ ചിത്രകലയാണ് മധുബാനി. പ്രകൃതിയേയും മിത്തോളജിയേയും വർണാഭമായി ആവിഷ്കരിക്കുമെന്നതാണ് മധുബാനിയുടെ സവിശേഷത. നിർമലയ്‌ക്ക് അണിയാൻ മത്സ്യത്തെ പ്രമേയമാക്കിയുള്ള മധുബാനി പെയിന്റിംഗാണ് ദുലാരി ദേവി ഒരുക്കിയിരുന്നത്. അതിനാൽ ഇന്ത്യയുടെ ടെക്സ്റ്റൈൽ പാരമ്പര്യവും പരമ്പരാഗത നെയ്‌ത്തുകളും കരകൗശല വൈദഗ്ദ്ധ്യവും തന്റെ സാരിയിലൂടെ പ്രദർശിപ്പിക്കാറുള്ള നിർമലയ്‌ക്ക് ഇന്നത്തെ ദിവസം ഏതുവസ്ത്രം ധരിക്കണമെന്നത് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ബജറ്റ് ദിനത്തിൽ അവർ ധരിക്കുന്ന സാരികൾ എക്കാലവും ചർച്ച ചെയ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിലേക്കാണ് മധുബാനിയും സ്ഥാനം പിടിക്കുന്നത്.















