തിരുവനന്തപുരം: മോദി സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ച ബജറ്റാണ് 2025-26 ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സാധാരണക്കാർക്കും ഇടത്തരക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ച ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള വലിയൊരു കുതിച്ചുചാട്ടത്തിന്റെ സൂചന നൽകുന്ന ബജറ്റാണിത്. ആദായ നികുതി 12 ലക്ഷം ആക്കി മാറ്റിയതോടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള കേരളത്തിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
സാധാരണക്കാർക്ക് വലിയ തോതിലുള്ള പ്രയോജനമുണ്ടാകും. ധനകാര്യ കമ്മീഷനും ശമ്പള കമ്മീഷനും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നീക്കങ്ങളാണ് ഉണ്ടാവുന്നത്. ചെറുകിട സംരംഭകർക്കും ഈ ബജറ്റ് വളരെയധികം സഹായകമാണ്. കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരെയും ഇടത്തരക്കാരെയും കാര്യമായി സ്വാധീനിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്”.
കാർഷിക മേഖലയിലും സമുദ്രമേഖലയിലും വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ തീരദേശ മേഖലകളിൽ താമസിക്കുന്ന ആളുകൾക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഈ ബജറ്റിലൂടെ കേരളത്തിന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് നിസംശയം പറയാം. കേരളത്തിന് ഇത്രയും പ്രയോജനം ലഭിക്കുന്ന ഒരു ബജറ്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















