പത്തനംതിട്ട: ആദായ നികുതി പരിധി 7 ലക്ഷത്തിൽ നിന്നും 12 ലക്ഷം രൂപയായി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്ന് കേരള എൻ.ജി.ഒ സംഘ്.12 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെ ആദായ നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയത് സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള പൊതുജന സമൂഹത്തിന് ഗുണകരമാണെന്ന് എൻ.ജി.ഒ സംഘ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിണറായി സർക്കാർ തടഞ്ഞുവച്ച് ദ്രോഹിക്കുന്ന സാഹചര്യത്തിൽ ആദായ നികുതി പരിധി വർദ്ധിപ്പിച്ച നരേന്ദ്രമോദി സർക്കാർ തീരുമാനം ശമ്പള വരുമാനക്കാരായ സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവരും പറഞ്ഞു.
നികുതി ഇളവ് സംബന്ധിച്ച വമ്പൻ പ്രഖ്യാപനങ്ങളാണ് 2025-26 ലെ കേന്ദ്ര ബജറ്റിലുണ്ടായിരുന്നത്. ആദായ നികുതി പരിധി ഉയർത്തിയതോടെ പ്രതിമാസം 1 ലക്ഷം വരെ ശമ്പളം ലഭിക്കുന്നവർക്ക് നികുതി അടക്കേണ്ടതില്ല.12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ വരെ ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപനത്തിലൂടെ ഉണ്ടാവുക.















