തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് കേന്ദ്ര ബജറ്റ് പുത്തൻ ഉണർവ് നൽകുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഘടകം. വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ നിക്ഷേപം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രണ്ട് വർഷമായി ഒരുലക്ഷം കോടിയിലധികം രൂപ കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്‌ക്ക് നിക്ഷേപിക്കുന്നുവെന്നത് സ്വാഗതാർഹമാണെന്നും അദ്ധ്യാപക പരിഷത്ത് പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസ മേഖലക്ക് അടക്കം ബജറ്റിൽ പദ്ധതികളുണ്ട്. സംസ്ഥാന സർക്കാർ അദ്ധ്യാപക ദ്രോഹ സാമ്പത്തിക സമീപനങ്ങൾ സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാർ ആദായ നികുതി കുറച്ചത് ആശ്വാസമാകുന്ന നടപടിയാണ്. കേരളത്തിൽ സംസ്ഥാന സർക്കാർ അദ്ധ്യാപകർക്ക് 65000 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുന്നുവെന്നും ക്ഷേമ ബത്ത പിടിച്ചു വച്ചിരിക്കുകയാണെന്നും അദ്ധ്യാപക പരിഷത്ത് ആരോപിച്ചു.
ലീവുകൾ സറണ്ടർ ചെയ്യിപ്പിക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശികയും കിട്ടുന്ന ശമ്പളത്തിന്റെ 25% ത്തോളവും സംസ്ഥാന സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ആദായ നികുതി കുറച്ചത് അദ്ധ്യാപകർക്ക് വലിയ ആശ്വാസമാകും ശരാശരി ഒരു അദ്ധ്യാപകന് അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ നികുതി ഇളവ് ലഭിക്കുന്നത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻറ് പി എസ് ഗോപകുമാർ പറഞ്ഞു.