റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്‌ക്കുന്നത്.
കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ കേസ് പരിഗണിച്ച റിയാദ് കോടതിയിലെ ഡിവിഷൻ ബെഞ്ച് ഇന്നും വിധി പറയാതെ മാറ്റിവയ്‌ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് റഹീമിന്റെ മോചന ഹർജിയിൽ വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്‌ക്കുന്നത്.
സൂക്ഷ്മ പരിശോധനയ്‌ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 15ന് ഹർജിയിൽ വിധി പറയാതിരുന്നത്. ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം ഏഴ് തവണ റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചിരുന്നു. ഓരോതവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവെക്കപ്പെട്ടു.
2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ജയിൽ ജീവിതം അനുഭവിക്കുകയായിരുന്നു റഹീം. ഒടുവിൽ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച 34 കോടി രൂപ ദയാധനമായി സമർപ്പിച്ചതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. കൊല്ലപ്പെട്ട ബാലന്റെ കുടുംബം ദയാധനം കൈപ്പറ്റി മാപ്പ് നൽകി. റിയാദ് കോടതിയാണ് ഇനി മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.