അഹമ്മദാബാദ്: തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഗുജറാത്തിലെ ഡാഗ് ജില്ലയിൽ മലേഗാവ് ഘട്ട് റോഡിലാണ് സംഭവം. ഇന്ന് പുലർച്ചെ 4. 30 ഓടെയാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണംവിട്ടതാണ് അപകട കാരണം. ഗുരുതരമായി പരിക്കേറ്റ 12 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 57 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
നിയന്ത്രണംവിട്ട ബസ് റോഡിൽ നിന്ന് 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. മദ്ധ്യപ്രദേശ് സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
നിസാര പരിക്കുകളോടെ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവർ അപകടനില തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.















