പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് കുംഭമേളയിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധി സംഘം. 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും മിഷൻ മേധാവികളും ഉൾപ്പെടെ 118 അംഗ പ്രത്യേക വിദേശ പ്രതിനിധി സംഘമാണ് കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയത്.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ സംസ്‌കാരത്തെയും ആത്മീയതയെയും അഭിനന്ദിക്കുകയും കുംഭമേളയിൽ നടത്തിയ ക്രമീകരണങ്ങളെ പ്രശംസിക്കുകയും ചെയ്തു. കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകളോട് നന്ദി രേഖപ്പെടുത്തിയ പ്രതിനിധി സംഘം ഈ പുണ്യസ്ഥലം സന്ദർശിക്കാനായത് ഒരു അപൂർവ അനുഭവമായി വിശേഷിപ്പിക്കുകയും ചെയ്തു.
“ഇത് എന്റെ ജീവിതത്തിലെ ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട അവസരമാണിത്. മഹാകുംഭത്തിൽ ഇവിടുത്തെ ജനങ്ങളുടെ ആത്മീയതയും ശക്തിയും നേരിട്ട് മനസിലാക്കാൻ സാധിച്ചു. ഇന്ത്യൻ സംസ്കാരം അങ്ങേയറ്റം സമ്പന്നമാണ്. മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണിത് പകരുന്നത്,”കൊളംബിയൻ അംബാസഡർ വിക്ടർ ചാവേരി പറഞ്ഞു. ക്യൂബ, ഇക്വഡോർ,റഷ്യ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും കുടുംബാംഗങ്ങൾക്കൊപ്പം കുംഭമേളയിൽ പങ്കെടുക്കാനെത്തി.















