ന്യൂഡൽഹി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹരിയാന സ്വദേശിയായ ജിയോഗാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. വർഷങ്ങളായി ഫിലിപ്പീൻസിൽ താമസിച്ചുവരികയായിരുന്നു പ്രതി. 2017 മുതൽ ഒളിവാലായ പ്രതിയെ കണ്ടെത്തുന്നതിന് ഹരിയാന പൊലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നു.
ഭീകരവാദ സംഘടനയുടെ നേതാവായാണ് പ്രതി ഫിലിപ്പീൻസിൽ വിലസിയത്. ബക്കോലോഡ് സിറ്റിയിലാണ് താമസിച്ചിരുന്നത്. ജോഗീന്ദർ, ജിയോഗ്, കാന്ത ഗുപ്ത എന്നീ പേരുകളിലാണ് ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ വർഷം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഐ)യുടെ ഒരു സംഘം ഇയാളുടെ വീട്ടിൽ വച്ച് ഇയാൾ അറസ്റ്റ് ചെയ്തിരുന്നു.
ഖാലിസ്ഥാനി ഭീകരസംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തോക്ക് കൈവശം വച്ചതിനും ഭീകരാക്രമണത്തിന് ഗൂഢോലോചന നടത്തിയെന്നുമുള്ള കണ്ടെത്തലിൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജിയോഗിനെതിരെ ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















