ഓരോ സംവിധായകന്മാർക്കും വേണ്ടി ഓരോ പേനകളാണ് ഗാനരചയിതാവ് ഗിരീഷ് പുത്തൻഞ്ചേരി ഉപയോഗിച്ചിരുന്നതെന്ന് സംവിധായകൻ കമൽ. ഒരുപാട് പേനകളുമായാണ് ഗിരീഷ് പുത്തൻഞ്ചേരി നടക്കുന്നതെന്നും സംവിധായകന്മാരുടെ മനസറിഞ്ഞാണ് ഓരോ പാട്ടുകളും എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ പങ്കുവച്ചത്.
“ഒരു ദിവസം ഗിരീഷ് എന്നോട് ഒരു പരിഭവം പറഞ്ഞു. നിങ്ങളുടെ സിനിമകൾക്കെന്താ എന്നെ വിളിക്കാത്തതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ കൈതപ്രത്തിന്റെ ഗാനങ്ങളാണ് വലിയ ഹിറ്റായി നിൽക്കുന്നത്. അങ്ങനെയാണ് ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഗിരീഷിനെ കൊണ്ട് പാട്ടെഴുതിപ്പിച്ചത്. അന്ന് അതിലെ എല്ലാ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.
ഗിരീഷ് ഒരുപാട് പേനകൾ കൊണ്ടുനടക്കാറുണ്ട്. ഓരോ സംവിധായകന്മാർക്കും ഓരോ പേനയാണ്. ഭരതന്റെ പാട്ടുകൾക്ക് വേറെ പേന. ജോഷിക്കും എനിക്കുമൊക്കെ വേറെ പേനയാണ് ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും ഏത് തരത്തിലുള്ള പാട്ടുകളാണ് വേണ്ടതെന്ന് ഗിരീഷിന് കൃത്യമായി അറിയാം.
കുഞ്ഞിക്ക എന്നാണ് എന്നെ വിളിക്കുന്നത്. ഗാനങ്ങളിൽ ഒരു കവിത ഉണ്ടാകണമെന്നാണ് ഞാൻ എപ്പോഴും ആവശ്യപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ എത്രയധികം പാട്ടുകളാണ് ഗിരീഷ് നമുക്ക് നൽകിയത്. ഒരു സിനിമ എഴുതുമ്പോൾ തന്നെ ഇതിന്റെ ഗാനങ്ങൾ ആര് എഴുതണമെന്നാണ് താൻ ആദ്യം ചിന്തിക്കുന്നതെന്നും കമൽ പറഞ്ഞു.















