പ്രേക്ഷകരുടെ ഹൃദയം കവർന്ന് തിയേറ്ററുകളിലെത്തിയ, 1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്- ഇന്ത്യൻ ആനിമേഷൻ ചിത്രമായ ‘രാമായണ ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ’ പാർലമെന്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരി 15 -നാണ് പാർലമെന്റിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ഗീക്ക് പിക്ചേഴ്സാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
തങ്ങളുടെ ചിത്രം ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഈ അംഗീകാരത്തിന് നന്ദിയെന്ന് ഗീക്ക് പിക്‌ചേഴ്‌സിന്റെ സഹസ്ഥാപകനായ അർജുൻ അഗർവാൾ കുറിച്ചു. ഞങ്ങളുടെ സിനിമ ഇത്രയും അഭിമാനകരമായ രീതിയിൽ അംഗീകരിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ്. ഇതൊരു സിനിമയുടെ പ്രദർശനം മാത്രമല്ല. രാമായണ കഥയുടെ ആഘോഷമാണ്. നമ്മെ എന്നും പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന കഥയാണെന്നും അർജുൻ അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
32 വർഷങ്ങൾക്ക് ശേഷം ജനുവരി 24-നാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. കൊയിച്ചി സസാക്കിയും റാം മോഹനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. രാമന്റെ കഥ പറയുന്ന ചിത്രം തിയേറ്റർ പ്രദർശനത്തിന് മുമ്പായി കുംഭമേളയിലും പ്രദർശിപ്പിച്ചിരുന്നു.
ബന്ധങ്ങളുടെ സങ്കീർണത, തിന്മയുടെമേൽ നന്മയുടെ വിജയം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം, സൗഹൃദം, വിശ്വാസം തുടങ്ങി നിരവധി പ്രമേയങ്ങളിലൂടെ സിനിമ കടന്നുപോകുന്നു. വർഷങ്ങൾക്ക് ശേഷം 4K ദൃശ്യവിരുന്നോടെ എത്തിയ ചിത്രം പ്രേക്ഷകരുടെ മനം കവർന്ന് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.















