തിരുവനന്തപുരം : ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രസംഗം ദുഷ്ടലാക്കോടെ വളച്ചൊടിച്ച മാധ്യമങ്ങൾ അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഭാരതത്തിലെ ആദിവാസികളെയും പിന്നോക്ക വിഭാഗങ്ങളെയും മുന്നോക്ക വിഭാഗങ്ങൾ സംരക്ഷിക്കണമെന്നും, പിന്നോക്ക വിഭാഗങ്ങൾ മുന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങളിലും പങ്കാളികളാകണമെന്നും ഞാൻ ആഗ്രഹിച്ചത് ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നത്തിന്റെ ഭാഗമായാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഡൽഹിയിലെ പ്രസംഗം വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്ത വിഷയത്തിൽ ഫേസ്‌ബുക്കിൽ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി വളച്ചൊടിച്ച മലയാള മാധ്യമങ്ങൾക്ക് അറിയേണ്ടത് ഭാരതത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നം.ഈ തുല്യതയുടെ ഭാഗമായാണ് ഭാരതത്തിലെ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മുന്നോക്ക വിഭാഗങ്ങൾ സംരക്ഷിക്കണമെന്നും, പിന്നോക്ക വിഭാഗങ്ങൾ മുന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങളിലും പങ്കാളികളാകണമെന്നും ഞാൻ ആഗ്രഹിച്ചത്.
ഇന്നെന്റെ പ്രസംഗം ദുഷ്ടലാക്ക് ഉപയോഗിച്ച് വളച്ചൊടിച്ച മാധ്യമങ്ങൾക്ക്, അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബിജെപിയോടുമുള്ള നിങ്ങളുടെ വൈരാഗ്യവും എന്നോടുമുള്ള ദ്വേഷവും, എനിക്ക് എന്റെ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളെ സേവിക്കാനുള്ള പ്രചോദനമാണ് നൽകുന്നത്.
ഒന്നോർക്കുക നിങ്ങൾ ഇന്ന് ‘ആദിവാസി വിരോധി’ എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികൾക്കായി ശബ്ദമുയർത്തിയ അതേ സുരേഷ് ഗോപി! ജനങ്ങൾക്ക് എന്നെ അറിയാം!”
ഡൽഹിയിൽ അദ്ദേഹം നടത്തിയ പ്രസംഗവും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ സുർഷ് ഗോപി നടത്തിയ പ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ മലയാളത്തിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിനെതിരെ രംഗത്തു വന്നു. ഇതേ തുടർന്നാണ് തന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കണം എന്ന ആവശ്യവുമായി സുരേഷ്‌ഗോപി രംഗത്തെത്തിയത്.