ലക്നൗ: വസന്തപഞ്ചമി ദിവസം മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ. പുലർച്ചെ നാല് മണിവരെ ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. വസന്തപഞ്ചമിയോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളും നഗരത്തിൽ ഒരുക്കിയിരുന്നു.
ഇന്ന് നടക്കുന്ന അമൃത് സ്നാനത്തിനായി ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. അമൃത് സ്നാനത്തിനായി രണ്ട് ദിവസം മുമ്പ് തന്നെ ഭക്തർ പ്രയാഗ്‌രാജിൽ തമ്പടിച്ചിരുന്നു.
ത്രിവേണി തീരങ്ങൾ ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസങ്ങളോളം പ്രയാഗ്‌രാജിൽ തങ്ങിയാണ് ഭക്തർ കുംഭമേളയിൽ പങ്കെടുക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി മുതിർന്ന കൂടുതൽ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ വിന്യസിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ഇന്ന് പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 34 കോടി ഭക്തരാണ് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആത്മീയ തപസുകൾ ആചരിക്കുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഭരണകൂടം അറിയിച്ചു.
സരസ്വതി ദേവി ജനിച്ച ദിവസമാണ് വസന്തപഞ്ചമി നാളായി ആചരിക്കുന്നത്. ഈ ശുഭദിനത്തിൽ ഗംഗയിൽ സ്നാനം ചെയ്യുന്നത് മഹത്തരമാണെന്നാണ് വിശ്വസിക്കുന്നത്.















