ലോക ചെസ് ചരിത്രത്തിൽ ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യന്മാർ നേർക്കുനേർ നിന്ന വാശിയേറിയ മത്സരത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായത്. 87-ാം ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് 2025 മത്സരത്തിൽ ഗുകേഷിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ കിരീടം നേടി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീൽ ചെസിൻ പ്രജ്ഞാനന്ദ ചാമ്പ്യനാകുന്നത്.
അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്റ് വീതം നേടി സമനിലയിലായി. ഇതോടെ വിജയിയെ കണ്ടെത്താൻ മൂന്ന് ബ്ലിറ്റ്സ് ഗെയിം കൂടി കളിച്ചു. വാശിയേറിയ അവസാന നിമിഷ പോരാട്ടത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ മിന്നിമറഞ്ഞിരുന്നു. സെക്കന്റുകളുടെ വേഗത്തിൽ ഇരുവരും കരുക്കൾ പായിച്ചു. ബ്ലിറ്റ്സ് ഗെയിംസിന്റെ അവസാനഘട്ടത്തിൽ പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.
വേഗത്തിൽ കരുക്കൾ നീക്കിയ ഗുകേഷ്, പ്രജ്ഞാനന്ദ വിജയം ഉറപ്പിച്ചതോടെ തലയിൽ കൈവച്ച് കസേരയിലേക്ക് ചാരി കിടന്നു. ചൂടേറിയ അവസാനഘട്ട പോരാട്ടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
സിംഗപ്പൂരിൽ നടന്ന ലോകചെസ് മത്സരത്തിൽ ചാമ്പ്യനായതിന് ശേഷമുള്ള ഗുകേഷിന്റെ ആദ്യ ടൂർണമെന്റായിരുന്നു ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് 2025. ആവേശം നിറഞ്ഞ മത്സരത്തിൽ വിജയം നേടിയതോടെ ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി എന്ന നേട്ടവും പ്രജ്ഞാനന്ദ കൈവരിച്ചു.















