ന്യൂഡൽഹി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അലോക് നാഥിനും ശ്രേയസ് തൽപാഡെക്കുമെതിരെയുമാണ് ലക്നൗ ഗോമതി നഗർ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോനിപത്ത് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 45 നിക്ഷേപകരിൽ നിന്നായി 9 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. സഹകരണ സംഘത്തിന്റെ ബ്രാൻഡ് അംബാസഡർമാരായിരുന്നു നടൻമാർ. നടൻമാരെ മുൻനിർത്തിയാണ് സൊസൈറ്റി നിക്ഷേപം ആകർഷിച്ചത്. ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങൾക്കെിരെയും കേസെടുത്തിട്ടുണ്ട്.
സോനിപത് സ്വദേശി വിപുലിന്റെ പരാതിയിൽ ക്രിമിനൽ വിശ്വാസ വഞ്ചന ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരമാണ് സൊസൈറ്റി രൂപീകരിച്ചതെന്നും 2016 സെപ്തംബർ 16ന് ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിച്ചതായും പരാതിയിൽ പറയുന്നു. കാലാവധി കഴിഞ്ഞിടും പണം തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.