വൃത്തീഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം യൂണിറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ രഘുനാഥപ്പള്ളിയിൽ പ്രവർത്തിക്കുന്ന ശക്തി മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്‌ട്‌സിൽ റെയ്ഡ് നടന്നത്.
പ്ലാസ്റ്റിക്ക് ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന നെയ്യിൽ കൊതുകളും ഈച്ചകളും ചത്തനിലയിലായിരുന്നു. മാത്രമല്ല പാൽ സംസ്കാരിക്കുന്ന യൂണിറ്റിന്റെ പരിസരത്ത് പല്ലിയും പാറ്റയും ചത്ത് കിടക്കുന്നുണ്ടായിരുന്നു. നെയ്യും പാലും സൂക്ഷിച്ചിരുന്ന പാത്രങ്ങൾ തുരുമ്പു പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്. ശുദ്ധീകരിക്കാത്ത ജലമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. കോൾഡ് സ്റ്റോറേജ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ഐസ്ക്രീമിൽ ചേർക്കാനായി സൂക്ഷിച്ചിരുന്ന വാനില, സ്ട്രോബറി എസൻസുകൾ കാലാവധി കഴിഞ്ഞതായിരുന്നു. പൂപ്പൽ പിടിച്ച 720 ലിറ്റർ തൈര് പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്‌ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും 2006 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.















