പ്രഭാസ് പ്രധാന കഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്.
രുദ്രാക്ഷ മാലകൾ ധരിച്ച്, നെറ്റിയിൽ ഭസ്മക്കുറി തൊട്ട് കയ്യിലൊരു വടിയുമായി നിൽക്കുന്ന പ്രഭാസാണ് കാരക്ടർ പോസ്റ്ററിലുള്ളത്. “ശക്തിയുടെയും ജ്ഞാനത്തിന്റെയും ആൾരൂപം. ഭക്തിയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കാലാതീതമായ യാത്ര. ഇതിഹാസ കഥ ഏപ്രിലിൽ തിയേറ്ററുകളിലെത്തും” – പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രഭാസ് കുറിച്ചു.
ഏപ്രിൽ 25-നാണ് കണ്ണപ്പ റിലീസ് ചെയ്യുന്നത്. ബാഹുബലി നായകന്റെ പുതിയ ഹിറ്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ശിവന്റെ പരമഭക്തനായ കണ്ണപ്പ എന്ന മനുഷ്യന്റെ കഥ പറയുന്ന ചിത്രം മുകേഷ് കുമാറാണ് സംവിധാനം ചെയ്യുന്നത്.
വിഷ്ണു മഞ്ചുവാണ് ചിത്രത്തിൽ കണ്ണപ്പയായി എത്തുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ തുടങ്ങിയ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു. അതിഥി വേഷത്തിലാണ് കണ്ണപ്പയിൽ മോഹൻലാൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.