ഉഡുപ്പി: കർണാടകയിലെ സജീവ മാവോയിസ്റ്റുകളിൽ അവസാനത്തെ വ്യക്തിയായി കണക്കാക്കുന്ന തൊമ്പാട്ട് ലക്ഷ്മി നിരുപാധികം കീഴടങ്ങി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരിക്കും എസ്പി അരുൺ കെ.യ്‌ക്കും മുൻപിലാണ് കീഴടങ്ങൽ. മുൻ നക്സലും സംസ്ഥാന മാവോയിസ്റ്റ് കീഴടങ്ങൽ കമ്മിറ്റിയിലെ അംഗവുമായ ശ്രീപാൽ, ലക്ഷ്മിയുടെ ഭർത്താവ് സലീം എന്നിവർ ഒപ്പമുണ്ടായിരുന്നു. ആന്ധ്രയിൽ വച്ച് 2020ലായിരുന്നു മുൻ മാവോയിസ്റ്റായ സലീം കീഴടങ്ങിയിരുന്നത്.
കുന്ദാപൂർ താലൂക്കിലെ മഛാട്ടു ഗ്രാമത്തിലുള്ള തൊമ്പാട്ട് സ്വദേശിയാണ് ലക്ഷ്മി. കഴിഞ്ഞ ഏതാനും വർഷമായി ആന്ധ്രയിൽ ഒളിവിലായിരുന്നു. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് ലക്ഷ്മിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. 2007-2008 കാലത്തെ കേസുകളാണിത്. പൊലീസിന് നേർക്ക് നിറയൊഴിച്ചതിനും ഗ്രാമങ്ങളിൽ മാവോയിസ്റ്റ് ലേഖനങ്ങൾ വിതരണം ചെയ്തതിനും ആക്രമണം നടത്തിയതിനുമാണ് കേസ്.
15 വർഷം മുൻപാണ് കുടുംബത്തെ ഉപേക്ഷിച്ച് ലക്ഷ്മി നക്സൽ പ്രവർത്തനങ്ങളിൽ സജീവമായത്. ചിക്കമംഗളൂരു, ഉഡുപ്പി ജില്ലകളിൽ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമായിരുന്നു അവർ. കർണാടക സർക്കാർ ‘സറണ്ടർ’ പ്രോട്ടോകോളും പാക്കേജും പ്രഖ്യാപിച്ചതോടെയായിരുന്നു നക്സലിസം ഉപേക്ഷിച്ച് പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള തീരുമാനം ലക്ഷ്മി കൈക്കൊണ്ടത്. പലതവണ ഇതിനായി ശ്രമിച്ചെങ്കിലും കീഴടങ്ങൽ നീണ്ടുപോയി. സറണ്ടർ കമ്മിറ്റി രൂപീകരിച്ചതാണ് കീഴടങ്ങലിന് തുണയായതെന്നും ലക്ഷ്മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആശ്വാസകരമായ സറണ്ടർ പാക്കേജ് പ്രഖ്യാപിച്ച കർണാടക സർക്കാരിന് ലക്ഷ്മി നന്ദി പറയുകയും ചെയ്തു.
സറണ്ടർ പാക്കേജ് പ്രകാരം A കാറ്റഗറിയിലാണ് ലക്ഷ്മി. അതിനാൽ ഏഴ് ലക്ഷം രൂപ ഇവർക്ക് ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലക്ഷ്മി കീഴടങ്ങിയതോടെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായിരിക്കുകയാണ് കർണാടക. ലക്ഷ്മിയടക്കം 22 പേരായിരുന്നു കീഴടങ്ങാനുണ്ടായിരുന്നത്.















