കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠികൾ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. മാണ്ഡ്യയിലെ സ്കൂളിലെ ടോയ്ലെറ്റിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. ജനുവരി 31ന് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാവാണ് പൊലീസിന് പരാതി നൽകിയത്. സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കേക്ക് നൽകാമെന്ന് പറഞ്ഞാണ് സഹപാഠികൾ കുട്ടിയെ ടോയ്ലെറ്റിൽ എത്തിച്ചത്. തുടർന്ന് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ചു. ശേഷം കമ്പുകൊണ്ട് അടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യ ഭാഗത്ത് കമ്പി കുത്തികയറ്റുകയും ചെയ്തെന്നാണ് പരാതി.
ശേഷം സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പിന്നീട് പെൺകുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. ശേഷം അവർ പാെലീസിനെ സമീപിച്ചു. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം ആൺകുട്ടികൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അതേസമയം മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളൊന്നുമില്ലെന്ന് കണ്ടെത്തി. നടുക്കുന്ന സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി ആഞ്ഞടിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും നാൾക്കുനാൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.















