മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെ റിമാൻഡ് ചെയ്തു. 25-കാരി വിഷ്ണുജ ജീവനൊടുക്കിയ കേസിൽ മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായ പ്രബിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾ വിഷ്ണുജ ഏറ്റുവാങ്ങിയിരുന്നതായി കുടുംബവും സുഹൃത്തുക്കളും പറയുന്നു. ജോലി ഇല്ല, സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞുപോയി എന്നീ കാര്യങ്ങൾ പറഞ്ഞ് പ്രബിൻ നിരന്തരം പീഡിപ്പിച്ചെന്നാണ് ആരോപണം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഞായറാഴ്ചയാണ് പ്രബിനെ കസ്റ്റഡിയിലെടുത്തത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ അന്വേഷണം തുടരുന്നത്. ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















