കോട്ടയം: ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദ്ദനമേറ്റ പൊലീസുകാരൻ മരിച്ചത് നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. ഇന്നു പുലർച്ചെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത്.
നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജിന്റെ മർദ്ദനമേറ്റാണ് ശ്യാമപ്രസാദ് കുഴഞ്ഞുവീണ് മരിക്കുന്നത്. ഏറ്റുമാനൂരിലെ തട്ടുകടയിലുണ്ടായ സംഘർഷം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായും ലഹരിക്കടിമയുമായ ജിബിൻ ജോർജ് തട്ടുകടയിലുള്ളവരുമായി സംഘർഷത്തിലേർപ്പെടുകയായിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിച്ച ശ്യാമപ്രസാദിനെ ജിബിൻ ആക്രമിക്കുകയും തള്ളി നിലത്തിട്ടശേഷം നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയും ചെയ്തു.
സംഭവശേഷം വാഹനത്തിൽ കയറിയിരുന്ന ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ശ്യാമപ്രസാദിനെ ഉടൻ തന്നെ പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു.