പത്തനംതിട്ട: രണ്ട് മാസം നീണ്ടുനിന്ന തീർത്ഥാടനകാലം സമാപിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നേട്ടമാണ് ശബരിമലയിലെ വരുമാനത്തിലുണ്ടയത്. മണ്ഡല- മകരവിളക്ക് കാലത്ത് 53 ലക്ഷം പേരാണ് മലചവിട്ടിയത്. 440 കോടി രൂപയാണ് തീർത്ഥാടനകാലത്തെ ആകെ വരുമാനമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ 80 കോടി രൂപ വർദ്ധിച്ചു. അരവണ വില്പനയിലൂടെ മാത്രം 192 കോടി രൂപ ലഭിച്ചു. ഇതിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി കൂടുതലായി ദേവസ്വത്തിലേക്കെത്തി. കാണിക്കയിനത്തിൽ ഇത്തവണ 126 കോടി ലഭിച്ചു. ഇതിലും 50 കോടിയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. നാണയം പൂർണമായി എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ വലിയ നേട്ടം.
അതേസമയം ശബരിമല റോപ്പ് വേ പദ്ധതി നിർമ്മാണത്തിന് മുന്നോടിയായുള്ള സംയുക്ത പരിശോധനകൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രായാധിക്യവും അസുഖങ്ങളുമുള്ള തീർത്ഥാടകരെ റോപ്പ് വേയിൽ പോകാൻ അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിഷുവിനോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാനും തീരുമാനമായി.















