പരിക്കേറ്റ സഞ്ജു സാംസൺ ആറാഴ്ച കളത്തിൽ നിന്ന് പുറത്ത്. വലതുകൈയിലെ ചൂണ്ട് വിരലിന് പൊട്ടലുള്ള താരത്തിന് ആറാഴ്ചയാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരം താരത്തിന് നഷ്ടമാകും. മുംബൈയിൽ നിന്ന് താരം ജന്മ നാടായ തിരുവനന്തപുരത്തേക്ക് മടങ്ങി. നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ചികിത്സയ്‌ക്ക് ശേഷമാകും സഞ്ജു ട്രെയിനിംഗ് ആരംഭിക്കുക. ഐപിഎൽ കളിക്കണമെങ്കിൽ താരത്തിന് എൻ.സി.എ അനുമതി വേണ്ടിവരും. 8-12 വരെ ജമ്മുവിനെതിരെയാണ് കേരളത്തിന്റെ രഞ്ജി മത്സരം.
വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിംഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പിംഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ജുറേലാണ് കീപ്പിംഗിന് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് താരത്തിന് വിരലിന് പരിക്കേറ്റത്. ജോഫ്ര ആർച്ചർ എറിഞ്ഞ പന്താണ് സഞ്ജുവിന്റെ വിരലിൽ ഇടിച്ചത്. ആദ്യ പന്തിൽ ആർച്ചറെ സിക്സറിന് പറത്തിയ സഞ്ജു, ഫിസിയോ പരിശോധനയ്‌ക്ക് ശേഷം ക്രീസിൽ തുടർന്നു. അതേ ഓവറിൽ ഒരു സിക്സും ഫോറും കൂടി നേടിയിരുന്നു.