കൊൽക്കത്ത: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ബംഗ്ലാദേശികൾ പിടിയിൽ. പശ്ചിമബംഗാളിലെ അതിർത്തി പ്രദേശമായ മാൾഡയിൽ നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. അതിർത്തി വഴി കന്നുകാലികളെ കടത്തുന്നതിനിടെയാണ് സംഘം ബിഎസ്എഫിന്റെ വലയിലായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമബംഗാളിലെ അതിർത്തി പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതിന്റെ മറവിലാണ് സംഘം കന്നുകാലികളെ കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ സൈനികർ പ്രദേശത്ത് പരിശോധന നടത്തിയതോടെ അതിർത്തിക്ക് സമീപത്ത് നിന്ന് കടത്തുസംഘത്തെ കണ്ടെത്തിയത്. സൈനികരെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
സമീപത്തെ ഗ്രാമത്തിലേക്ക് ഓടിയ ബംഗ്ലാദേശികൾ വനമേഖലയിൽ ഒളിച്ചിരുന്നു. നുഴഞ്ഞുകയറ്റത്തെ കുറിച്ച് ബിഎസ്എഫ് വിവരമറിയിച്ചതോടെ നാട്ടുകാരും തെരച്ചിലിനിറങ്ങി. ചോദ്യം ചെയ്യലിൽ സംഘം കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തുന്ന കന്നുകാലികളെ ഉയർന്ന വിലയിലാണ് അവിടെ വിൽക്കുന്നത്. 40,000 രൂപ വരെ ഒരു കന്നുകാലിക്ക് ലഭിക്കുമെന്ന് കടത്തുസംഘം പറഞ്ഞു. പിടികൂടിയവരെ കൂടുതൽ അന്വേഷണത്തിനും മറ്റ് നിയമ നടപടികൾക്കുമായി പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ബിഎസ്എഫ് അറിയിച്ചു.