ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിക്കും. ഫെബ്രുവരി 13-നായിരിക്കും കൂടിക്കാഴ്ച നടക്കുക. ദ്വിദിന സന്ദർശനത്തിനായി യുഎസിലെത്തുന്ന പ്രധാനമന്ത്രി വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന പ്രത്യേക വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
വാഷിംഗ്ടണിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി യുഎസുമായി ചർച്ച തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവേളയിൽ യുഎസ് കോർപ്പറേറ്റ് നേതാക്കളുമായും മറ്റ് പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ. സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും.
ജനുവരി 27-ന് ട്രംപുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട ട്രംപാണ് മോദിയുടെ സന്ദർശനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്. ഭാരതവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിലെത്തിയിരുന്നു. ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലും, ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സമാധാന ഉടമ്പടി നിലനിൽക്കുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം.















