ഡമാസ്കസ്: സിറിയയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനം. കാർഷിക തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന ഒരു വാഹനത്തിന്റെ സമീപത്ത് നിർത്തിയിട്ടിരുന്നഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിൽ 15 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 5 പേർ കൂടി മരിച്ചതോടെ സിറിയയിലെ കാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി.
മൂന്ന് ദിവസത്തിനുള്ളിൽ അവിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിതെന്നും ഡിസംബറിൽ ബഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം രാജ്യം കണ്ട ഏറ്റവും മാരകമായ ആക്രമണമാണിതെന്നും സിറിയൻ പ്രസിഡന്റ് ഓഫീസ് അറിയിച്ചു.















