ശ്രീനഗർ: മഹാകുംഭമേളയിലെ പുണ്യസ്നാനത്തെ അധിക്ഷേപിച്ച് നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. വീട്ടിൽ നിന്ന് ദിവസവും താൻ കുളിക്കുന്നുണ്ടെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ വാക്കുകൾ. കുംഭമേള കാണാൻ പ്രയാഗ്രാജ് സന്ദർശിക്കുമോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു NC നേതാവിന്റെ പരിഹാസം. “എന്റെ വീട് മസ്ജിദിലോ ക്ഷേത്രത്തിലോ ഗുരുദ്വാരയിലോ അല്ല സ്ഥിതിചെയ്യുന്നത്. എന്റെ ദൈവം എനിക്കുള്ളിലാണ്” ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
മഹാകുംഭമേളയോടനുബന്ധിച്ച് വിവിധ ദേശീയ നേതാക്കൾ പ്രയാഗ്രാജിലെത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നിരവധി പേർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പലരും ഇതിനോടകം വന്നുകഴിഞ്ഞു. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഫറൂഖ് അബ്ദുള്ള പ്രയോഗ്രാജ് സന്ദർശിക്കുന്നുണ്ടോയെന്ന ചോദ്യം മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചതും പരിഹാസരൂപേണ അദ്ദേഹം മറുപടി നൽകിയതും.
ഡൽഹി തെരഞ്ഞെടുപ്പിൽ വിജയസാധ്യത ആർക്കാണെന്ന ചോദ്യത്തിനും വേറിട്ട മറുപടിയായിരുന്നു അബ്ദുള്ള നൽകിയത്. താനൊരു ജ്യോതിഷി ആണെങ്കിൽ ഡൽഹി തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുകയെന്ന് പറയാമായിരുന്നു. ആരുവരും ആരുപോകും എന്ന് പ്രവചിക്കാൻ തനിക്ക് കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.















