ചാംപ്യൻസ് ട്രോഫിയിൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്പനയ്‌ക്ക് തുടക്കമായി. വില്‍പ്പന ആരംഭിച്ച് മിനിറ്റുകൾക്കകാം ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക.
തിങ്കളാഴ്ച വൈകിട്ട് യു.എ.ഇ സമയം വൈകിട്ട് 4 മണി മുതലാണ് ഐസിസി ചാംപ്യൻസ് ട്രോഫി 2025ന്റെ ദുബായിൽ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിച്ചത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനുമുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. സെമി ഫൈനല്‍ ഫലത്തെ ആശ്രയിച്ച് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ പിന്നീട് തീരുമാനിക്കും. ഇന്ത്യ ഫൈനലിലെത്തിയാല്‍ ഈ മത്സരവും നേരിട്ട് കാണാന്‍ യു.എ.ഇയിലെ ക്രിക്കറ്റ് ആരാധകർക്ക് അവസരം ലഭിക്കും.
ഈ മാസം 23ന് പാകിസ്താനുമായി നടക്കുന്ന ഇന്ത്യയുടെ മത്സരത്തിന്റെ എല്ലാ കാറ്റഗറിയിലെയും മുഴുവൻ ടിക്കറ്റും വില്‍പ്പന ആരംഭിച്ച് മിനുറ്റുകൾക്കകം വിറ്റു തീർന്നു. 125 ദിര്‍ഹം അതായത് 3000 ഇന്ത്യൻ രൂപ മുതലാണ് ടിക്കറ്റ് വില. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകളെടുക്കാം.
ഈ മാസം 20ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ആണ് എതിരാളി. മാർച്ച് 2നാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം നടക്കുക. ഐസിസി ചാംപ്യൻസ് ട്രോഫി 2025-ന് ആഴ്ചകൾ മാത്രം ശേഷിക്കെ മലയാളികടക്കമുള്ള ഇന്ത്യക്കാരിലും ഇതര ക്രിക്കറ്റ് പ്രേമികളിലും ആവേശം നിറയുകയാണ്.















