ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയെ ന്യായീകരിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എഴുത്തുകാരി കെ ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വാർത്താസമ്മേളനത്തിലൂടെയാണ് രാഹുൽ ഈശ്വർ ഇക്കാര്യം അറിയിച്ചത്.
‘ചിലപ്പോൾ കഷായം കലക്കി കൊണ്ടുക്കേണ്ടി വരും’ എന്നായിരുന്നു കെ ആർ മീരയുടെ പരാമർശം. പുച്ഛത്തോടെയുള്ള പ്രസ്താവന വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കൊലപാതകത്തെ ന്യായീകരിക്കുന്ന വാക്കുകളാണ് കെ ആർ മീര പ്രസംഗത്തിൽ ഉപയോഗിച്ചതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
ഷാരോണിന്റെ സ്ഥാനത്ത് ഗ്രീഷമയായിരുന്നെങ്കിൽ, ഷാരോണിനെ ഞാൻ ന്യായീകരിച്ചാൽ എന്നെ പൊലീസ് അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്യേണ്ട, തെറ്റാണെന്ന് പറയാനുള്ള മാന്യത കാണിക്കണം. വിദ്വേഷ പ്രസംഗമാണ് അവർ നടത്തിയത്. ഒരാൾ മരിച്ച അവസ്ഥയെയാണ് ചിരിച്ചുകൊണ്ടു പറഞ്ഞത്. ഗൂഢാലോചന നടത്തി ഒരാളെ കൊന്ന വ്യക്തിയെ ന്യായീകരിച്ച് സംസാരിക്കുന്നത് പുരുഷവിരുദ്ധ മനോഭാവമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.















