ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികളെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസ്താവനകൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാഹുൽ ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കരസേനാ മേധാവിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും, ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ രാഹുൽ നിരുത്തരവാദ രാഷ്‌ട്രീയം കളിക്കുകയാണെന്നന്നും രാജ്നാഥ് സിംഗ് വിമർശിച്ചു.
ഇരുവിഭാഗത്തിന്റെയും പരമ്പരാഗത പട്രോളിംഗിലുണ്ടായ തടസ്സങ്ങൾ മാത്രമാണ് കരസേനാ മേധാവി അന്ന് ചൂണ്ടിക്കാട്ടിയത്. അടുത്തിടെയുണ്ടായ സൈനിക നടപടികളുടെ ഭാഗമായി പഴയ പട്രോളിംഗ് രീതി പുനഃസ്ഥാപിക്കുകയും ചെയ്തു. ചൈന കടന്നുകയറിയ ഒരു ഇന്ത്യൻ പ്രദേശമുണ്ടെങ്കിൽ, അത് 1962 ലെ സംഘർഷത്തിന്റെ ഫലമായി അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്ററും 1963 ൽ പാകിസ്താൻ ചൈനയ്‌ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുത്ത 5,180 ചതുരശ്ര കിലോമീറ്ററുമാണ്. ചരിത്രത്തിലെ ഈ ഘട്ടത്തെ കുറിച്ച് രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും പ്രതിരോധ മന്ത്രി എക്സിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിലെ രാഹുലിന്റെ വാക്കുകളാണ് വിവാദമായത്. ഭാരതത്തിന്റെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ കൈവശമാണ്. ചൈനയുടെ കടന്നു കയറ്റം സൈനിക മേധാവി അംഗീകരിക്കുന്നുണ്ടെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. പിന്നാലെ ഭരണപക്ഷത്തിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടായി. രാഹുൽ രാജ്യസുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി. ഭരണപക്ഷം ഒന്നാകെ രാഹുലിനെതിരെ പ്രതിഷേധിച്ചതോടെ തെളിവുകൾ മേശപ്പുറത്ത് വെക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തെളിവുകളൊന്നും നിരത്താൻ രാഹുലിന് കഴിഞ്ഞില്ല. ചൈനീസ് പ്രേമം വഴിഞ്ഞൊഴുകിയ 45 മിനിറ്റ് പ്രസംഗത്തിനിടെ 34 തവണയാണ് രാഹുൽ ചൈനയെ പുകഴ്‌ത്തിയത്.















