ലഖ്‌നൗ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം മഹന്ത് സത്യേന്ദ്ര ദാസിനെ (85) ഞായറാഴ്ച സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എസ്‌ജിപിജിഐ) മാറ്റി.
അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചതായും പ്രമേഹവും ഉയർന്ന രക്തസമ്മർദവുമുള്ളതിനാൽ എസ്‌ജിപിജിഐയിലെ ന്യൂറോളജി ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു. “പ്രായവും അനുബന്ധ രോഗങ്ങളും കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു, എന്നിരുന്നാലും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്ന ഘടകങ്ങൾ സ്ഥിരമാണ്. അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണ്,” ഡോക്ടർമാർ പറഞ്ഞു.
1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ്. 20-ാം വയസ്സിൽ ആത്മീയ ജീവിതം തിരഞ്ഞെടുത്ത അദ്ദേഹം ക്ഷേത്രത്തിലെ ഏറ്റവും കൂടുതൽ കാലം മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. നിർവാണി അഖാരയിലെ അംഗമായ സത്യേന്ദ്ര ദാസ്, ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്ന അയോദ്ധ്യയിലെ പുരോഹിതന്മാരിൽ ഒരാളാണ്.















