ബൈക്ക്, 12 മൊബൈൽ ഫോണുകൾ, സ്വർണമാലകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വെള്ളി നാണയങ്ങൾ.. വിലപിടിപ്പുള്ള ഈ വസ്തുക്കൾ ഒരു വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയവയാണ്. റെയ്ഡ് നടന്ന വീട്ടിൽ താമസിക്കുന്നതാകട്ടെ ഒരു ഭിക്ഷാടകയും..
വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ സംഭവം പട്നയിലാണ് നടന്നത്. ബിഹാറിലെ മുസാഫർപൂരിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം നീലംദേവി എന്ന യാചകയിലേക്ക് എത്തുകയായിരുന്നു. നീലം താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയ പൊലീസുദ്യോഗസ്ഥർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു ലക്ഷം രൂപയുടെ ബൈക്ക് അടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ ആ വീട്ടിൽ നിന്ന് കണ്ടെത്തി.
ഭിക്ഷാടനത്തിലൂടെ ജീവിതം തള്ളിനീക്കിയിരുന്ന സ്ത്രീയായിരുന്നു നീലംദേവി. ഇടയ്‌ക്ക് അവർ ചില കൊതുകുവലകളും വിൽക്കാൻ തുടങ്ങി. സഹതാപം തുളുമ്പുന്ന മുഖവുമായി അവർ നാടുമുഴുവൻ ഭിക്ഷതേടി നടന്നതിന് പിന്നിൽ ദാരിദ്ര്യമായിരുന്നില്ല കാരണം. കൃത്യസമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മോഷണത്തിന്റെ ആദ്യഘട്ടമാണ് ഭിക്ഷാടനം. കവർച്ച ചെയ്യാനുള്ള വീടുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനയായിരുന്നു ഭിക്ഷാടനത്തിന്റെ മറവിൽ നടന്നിരുന്നത്. പകൽ മുഴുവൻ വീടുകൾ നിരീക്ഷിക്കും. രാത്രിയായാൽ നീലത്തിന്റെ നിർദേശപ്രകാരം ടാർഗെറ്റ് ചെയ്യപ്പെട്ട വീടുകളിൽ ഇവരുടെ മരുമകൻ മോഷണം നടത്തും. ഇതായിരുന്നു പതിവുപരിപാടി.
പൊലീസിന് ലഭിച്ച 12 മൊബൈൽ ഫോണുകൾ പലതും പ്രീമിയം ബ്രാൻഡുകളാണ്. നേപ്പാൾ, അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നാണയങ്ങൾ, സ്വർണാഭരണങ്ങൾ, എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശ നാണയങ്ങൾ എങ്ങനെയാണ് ഇവർക്ക് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നീലംദേവിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മരുമകൻ ചുട്ടുക് ലാൽ ഇപ്പോഴും ഒളിവിലാണ്. നീലത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.