ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കിയതിനെ പ്രശംസിച്ച് നടനും തൃണമൂൽ കോൺഗ്രസ് എംപിയുമായ ശത്രുഘ്‌നൻ സിൻഹ. എന്നാൽ യുസിസി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിൽ നിരവധി വെല്ലുവികളുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാംസാഹാരം നിരോധിക്കുന്നതിനെയും തൃണമൂൽ നേതാവ് പിന്തുണച്ചു.
“രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബീഫ് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ബീഫ് മാത്രമല്ല, മാംസാഹാരവും നിരോധിക്കണമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ഇപ്പോഴും ബീഫ് കഴിക്കുന്നത് നിയമപരമാണ്,”പാർലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
യുസിസി വ്യവസ്ഥകൾ തയ്യാറാക്കുന്നതിന് മുമ്പ് ഒരു സർവകക്ഷി യോഗം വിളിക്കണം. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും ചിന്തകളും തേടണമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. “യുസിസിയെ ഒരു തിരഞ്ഞെടുപ്പ് തന്ത്രമായോ വോട്ട് ബാങ്ക് തന്ത്രമായോ കാണരുത്, മറിച്ച് ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണം,” അദ്ദേഹം പറഞ്ഞു.
ജനുവരി 27 നാണ് ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കിയത്. സ്വാതന്ത്ര്യത്തിനുശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇത് പ്രകാരം എല്ലാ വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ സ്വത്തവകാശം വിവാഹമോചനത്തിന് തുല്യ മാനദണ്ഡങ്ങൾ, ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമസാധുത എന്നിവയാണ് പ്രധാന വ്യവസ്ഥകളിൽ ചിലത്.















