ടെഹ്‌റാൻ: ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരായ സ്ത്രീകളുടെ രോഷം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നു. ഇറാനിയൻ ഭരണകൂടം ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമത്തിനെതിരെയാണ് പ്രതിഷേധമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെട്ടു.
പ്രചരിക്കുന്ന വീഡിയോയിൽ സായുധരായ പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ യുവതി പൊലീസ് വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ കയറി നിൽക്കുകയാണ്. ഉദ്യോഗസ്ഥർ താഴെ ഇറങ്ങാൻ ആക്രോശിക്കുമ്പോൾ അവർ വാഹനത്തിന്റെ ഫ്ലാഷ് ലൈറ്റിന് മുകളിൽ കയറി നിന്ന് കൈകൾ വീശി കാണിക്കുന്നതും കാണാം. പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ദി സൺ റിപ്പോർട്ട് ചെയ്തു. അടുത്തിടെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ബിൽ ഭരണകൂടം കൊണ്ടുവന്നിരുന്നു. പൊതുസ്ഥലത്ത് അനുചിതമായി വസ്ത്രം ധരിച്ച് കാണപ്പെടുന്ന ഏതൊരു സ്ത്രീയെയും ഉടൻ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറാമെന്നാണ് ബില്ലിലെ വ്യവസ്ഥ.















