ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടിയും നർത്തകിയുമായ പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ദീർഘനാളായുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തോടൊപ്പം ഭരതനാട്യത്തിലും പ്രഗത്ഭയായിരുന്നു പുഷ്പലത. 1958-ൽ പുറത്തിറങ്ങിയ ‘സെങ്കോട്ടൈ സിങ്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് പുഷ്പലത അരങ്ങേറ്റം കുറിച്ചത്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും ചേക്കേറി.
തമിഴ് ചിത്രങ്ങളായ കല്യാണരാമൻ, ദർശനം, സകലകലാ വല്ലവൻ, ജീവനാംശം, ശാരദ, പാർ മഗലേ പാർ, നാനും ഒരു പെണ്ണ്, യരുക്ക് സൊന്തം, തായെ ഉനക്കാഗ, സിംല സ്പെഷ്യൽ, പുതുവെള്ളം തുടങ്ങിയ ചിത്രങ്ങളിലൂടെ പുഷ്പലത ഏറെ ശ്രദ്ധനേടി. ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത ‘പൂവാസം’ എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.















