പണത്തിലും താരത്തിളക്കത്തിലും ആറാടിയ കാലമുണ്ടായിരുന്നു ബോളിവുഡിന്. അന്ന് ദക്ഷിണേന്ത്യൻ സിനിമ വ്യവസായം പിച്ച് വെച്ച് തുടങ്ങിയതേയുള്ളൂ. തമിഴിലും മലയാളത്തിലും തെലുങ്കിലും സിനിമകൾ ഇറങ്ങിയിരുന്നെങ്കിലും പണം എറിഞ്ഞ് പണം വാരുന്ന വ്യവസായമായി ആരും അതിനെ കണക്കാക്കിയിരുന്നില്ല. എന്നാൽ ബോക്സ് ഓഫീസിൽ ഇന്ന് ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദി സിനിമകളെ തോൽപ്പിക്കുന്ന സ്ഥിതിയായി. സിനിമാ താരങ്ങളുടെ സമ്പത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ എറ്റവും ധനികനായ മൂന്നാമത്തെ താരവും ഇപ്പോൾ ദക്ഷിണേന്ത്യയിലാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ
തെലുങ്ക് താരം നാഗാർജുന അക്കിനേനിയാണ് നിലവിൽ ഏറ്റവും ധനികനായ ദക്ഷിണേന്ത്യൻ നടൻ. മണികൺട്രോളിന്റെ കണക്കനുസരിച്ച് , നാഗാർജുനയുടെ ആസ്തി 410 മില്യൺ ഡോളറാണ് ( ഏകദേശം 3572 കോടി രൂപ). അമിതാഭ് ബച്ചൻ ( 3200 കോടി), ഹൃതിക് റോഷൻ ( 3100 കോടി), സൽമാൻ ഖാൻ ( 2900 കോടി), അക്ഷയ് കുമാർ ( 2700 കോടി), ആമിർ ഖാൻ ( 1900 കോടി) തുടങ്ങി ഒന്നാം നിരയിലുള്ള ബോളിവുഡ് താരങ്ങളെക്കാൾ സമ്പന്നനാണ് നാഗാർജുനയെന്ന് വ്യക്തം. ഷാരൂഖും ജൂഹി ചൗളയുമാണ് നാഗർജുനയ്ക്ക് മുന്നിലുള്ളത്.

ദക്ഷിണേന്ത്യൻ നടന്മാരിൽ നാഗാർജുനയ്‌ക്ക് തൊട്ടുപിന്നിൽ ചിരഞ്ജീവിയാണ്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാം ചരൺ ( 1370 കോടി), കമൽ ഹാസൻ ( 600 കോടി), രജനീകാന്ത് ( 500 കോടി), ജൂനിയർ എൻടിആർ ( 500 കോടി), പ്രഭാസ് ( 250 കോടി) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.

തെലുങ്ക് സിനിമയിലെ തിരക്കുള്ള നടനായിരുന്നെങ്കിലും നാഗാർജുന ഒരിക്കലും സൂപ്പർ സ്റ്റാറായിരുന്നില്ല. ബിസിനസും ഇൻവെസ്റ്റ്മെന്റുകളുമാണ് അദ്ദേഹത്തെ ധനികനായിക്കിയത്. റിയൽ എസ്റ്റേറ്റ്, സിനിമ, സ്പോർട്സ് ഫ്രാഞ്ചൈസികൾ ഉൾപ്പെടെ നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിച്ച് കിടക്കുന്നു. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ അന്നപൂർണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാർജുന















