ഭുവനേശ്വർ: ഗുഡ്സ് ട്രെയിൻ പാളം തെറ്റി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറി. ഒഡിഷയിലെ റൂർക്കല റെസിഡൻഷ്യൽ കോളനിയിലാണ് സംഭവം. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് മീറ്റർ കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ട്രെയിൻ പുറപ്പെടുന്നതിന് മുമ്പായി ബോഗികൾ ക്രമീകരിക്കുന്ന ഷണ്ടിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് പാളം തെറ്റിയത്. ഈ സമയം ട്രെയിനിന്റെ ചക്രങ്ങൾ പെട്ടെന്ന് പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നില്ല. ഒരു വാഹനം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോക്കോ പൈലറ്റ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
വീടുകൾ ഉള്ളിടത്ത് നിന്ന് അഞ്ച് മീറ്റർ മുമ്പായാണ് ട്രെയിൻ ഇടിച്ചുനിന്നത്. അതുകൊണ്ട് തന്നെ തലനാരിഴയ്‌ക്കാണ് വൻദുരന്തം ഒഴിവായത്. റെയിൽവേ അധികൃതർ എത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.