ബെംഗളൂരു: പശുക്കളെ മോഷ്ടിച്ചാൽ വെടിവച്ച് കൊല്ലുമെന്ന് കർണാടക മന്ത്രിയുടെ ശാസന. കന്നുകാലി മോഷണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുന്നതിനിടെയാണ് കർണാടക ഫിഷറീസ് മന്ത്രി മങ്കല സുബ്ബ വൈദ്യയുടെ പരാമർശം. ഉത്തര കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രിയാണ് മങ്കല സുബ്ബ. ജില്ലയിൽ കന്നുകാലി മോഷണം റിപ്പോർട്ട് ചെയ്താൽ പ്രതികളെ നടുറോഡിൽ വച്ച് വെടിവച്ച് കൊല്ലണമെന്ന ഉത്തരവിടാൻ മടിക്കില്ലെന്നാണ് മന്ത്രിയുടെ ഭീഷണി.
നമ്മളെന്നും പശുവിൻ പാൽ കുടിക്കുന്നവരാണ്. ആ മൃഗമാണ് സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് നാം നോക്കികാണുന്നത്. പശുക്കളെ മോഷ്ടിക്കുന്നവർ ആരായാലും അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും കർവാറിൽ മാദ്ധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു. മോഷ്ടാക്കളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കർഷകർക്ക് മന്ത്രി ഉറപ്പുനൽകി.
ഹൊന്നാവറിന് സമീപം ഗർഭിണിയായ പശുവിനെ കഴുത്തറുത്ത സംഭവം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഷ്ടാക്കൾക്കെതിരെ പ്രകോപിതനായി മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ ശാസന വൈറലായതോടെ മങ്കല സുബ്ബ വൈദ്യക്കെതിരെ അതിരൂക്ഷ വിമർശനവും ഉയരുന്നുണ്ട്.















