ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ധൻമോണ്ടിയിൽ സ്ഥിതി ചെയ്യുന്ന ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം അക്രമിസംഘം തകർത്തു.
ബംഗബന്ധു ഭവൻ , ധൻമോണ്ടി 32 എന്നും അറിയപ്പെടുന്ന ഈ സൗധം ബംഗ്ലാദേശിന്റെ സ്ഥാപക നേതാവും പ്രസിഡന്റുമായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ സ്വകാര്യ വസതിയായിരുന്നു. മുജിബിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയത് ഈ വസതിയിൽ വെച്ചായിരുന്നു. 2009 ൽ ഈ കെട്ടിടത്തെ സർക്കാർ ദേശീയ പൈതൃക സ്ഥലമായി പട്ടികപ്പെടുത്തി. 2024 ൽ ഷെയ്ഖ് ഹസീനയുടെ പലായനത്തിന് ശേഷം ധൻമോണ്ടി 32 ആക്രമിച്ച മുസ്‌ളീം തീവ്രവാദികൾ ഈ കെട്ടിടത്തെ ഭാഗികമായി നശിപ്പിച്ചിരുന്നു. ഇന്നലെ ആ ചരിത്ര സ്മാരകത്തെ അവർ പൂർണ്ണമായും പൊളിച്ചു മാറ്റി.
തീവ്രവാദികളായ വിദ്യാർത്ഥികളുടെ സംഘം ഇന്നലെ രാത്രി ഒൻപതു മണിയോടെ ബംഗബന്ധു ഭവനിലക്ക് ‘ബുൾഡോസർ ഘോഷയാത്ര’ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രാത്രി 8:00 മണിയോടെ ധൻമോണ്ടി വസതിയിലേക്ക് ഇരച്ചു കയറിയ അക്രമിസംഘം കെട്ടിടം തകർക്കുകയായിരുന്നു.
സൈന്യത്തിന്റെയും പോലീസിന്റെയും വൻ സന്നാഹങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്ര സ്മാരകം തകർത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ സൈന്യം സ്ഥലത്തെത്തി വീടിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നതായി കാണാം.
മുജിബുർ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന ഓർമ്മകളുള്ള ആ വീട് സ്വേച്ഛാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും പ്രതീകമാണെന്ന് കലാപകാരികൾ ആരോപിച്ചു. ഫാസിസം എന്ന് അവർ വിളിക്കുന്ന “മുജിബിസ”ത്തിന്റെ അടയാളങ്ങൾ രാജ്യത്തു നിന്നും ഇല്ലാതാക്കണമെന്ന് ജനക്കൂട്ടം അലറി വിളിക്കുന്നത് വീഡിയോകളിൽ കാണാം.
ധൻമോണ്ടിയിലെ സ്മാരകം തകർക്കുന്നതിനെക്കുറിച്ച് ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറും ജതിയ നാഗോറിക് കമ്മിറ്റി അംഗവുമായ ഷെരീഫ് ഒസ്മാൻ ബിൻ ഹാദി ഒന്നിലധികം ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതായി ഇന്നലെ ഉച്ചകഴിഞ്ഞ് പ്രമുഖ ബംഗ്ളദേശി പത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം ആദ്യം രാത്രി 9 മണിക്ക് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് രാത്രി 8 മണിയിലേക്ക് മാറ്റി.
മുസ്ളീം തീവ്രവാദികൾ ധൻമോണ്ടി-32 വസതി ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. അവാമി ലീഗ് ഭരണകൂടം പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 5 ന്, കലാപകാരികൾഇവിടെ സമാനമായ ഒരു ആക്രമണം നടത്തിയിരുന്നു. അന്ന് കെട്ടിടം നശിപ്പിക്കുകയും അതിന്റെ ചില ഭാഗങ്ങൾ തീയിടുകയും ചെയ്തു. അതിനുശേഷം, ഈ സ്മാരകം മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.















