കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയുടെ നിർദേശം.
സ്വർണ്ണം-വെള്ളി ലോക്കറ്റ് വിൽപ്പനയിൽ ലഭിച്ച തുകയിൽ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്‍റ് വിഭാഗം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് തിരിമറി. ബാങ്ക് നൽകുന്ന ക്രെഡിറ്‍റ് സ്ലിപ്പും, അക്കൗണ്ടിൽ എത്തിയ തുകയും തമ്മിലാണ് 27 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം.
ലോക്കറ്റ് വിൽപ്പനയിൽ തുടങ്ങി സിസിടിവി സ്ഥാപിച്ചതിൽ വരെ ക്രമക്കേട് നടന്നിരുന്നു. മൂന്ന് വർഷത്തെ ലോക്കറ്റ് വിൽപ്പനയിൽ മാത്രം 27 ലക്ഷം രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ രണ്ട് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ പദ്ധതി നിലനിൽക്കേ ദേവസ്വത്തിന്റെ പണം ഉപയോഗിച്ചാണ് സിസിടിവി സ്ഥാപിച്ചത്. ഇതിലൂടെ 89 ലക്ഷം രൂപയുടെ നഷ്ടമാണ് ദേവസ്വത്തിനുണ്ടായത്. 2024 മെയ്യിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.















