ബെംഗളൂരു: കർണാടകയിലെ വനമേഖലയിൽ നിന്ന് രക്തചന്ദന തടികൾ പിടിച്ചെടുത്ത് പൊലീസ്. നീലഗിരി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് തടികൾ കണ്ടെടുത്തത്. അനധികൃതമായി ഒളിപ്പിച്ചിരുന്ന 180 രക്തചന്ദന തടികളാണ് പിടികൂടിയത്. പിടിച്ചെടുത്ത തടികൾക്ക് ഒരു കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ് തടികൾ കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കർണാടക പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തടികൾ കണ്ടെടുത്തത്. നേരത്തെ, ആന്ധ്രാപ്രദേശിൽ ഒരു മോഷണക്കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക ഓപ്പറേഷൻ.
പിടിച്ചെടുത്ത രക്തചന്ദനം തുടർ നടപടികൾക്കായി ആന്ധ്രാപ്രദേശ് പൊലീസിന് കൈമാറി. ജനുവരി 22-ന് ആന്ധ്രാപ്രദേശിൽ നിന്നും 4.5 കോടിയുടെ രക്തചന്ദന തടികൾ പൊലീസ് പിടികൂടിയിരുന്നു. കണ്ടെയ്‍നർ ലോറിയിൽ തടികൾ കടത്തുന്നതിനിടെയാണ് പിടിവീണത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഉൾപ്പെട്ട തടികളാണ് നീലഗിരിയിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഈ തടികൾ അസമിലേക്ക് കടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.















