ന്യൂഡൽഹി: സർക്കാരിന്റെ നിലപാട് ആവർത്തിച്ചും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ആദ്യം രാഷ്ട്രം എന്നതാണ് ബിജെപിയുടെ വികസന മാതൃക. രാജ്യത്തെ ജനങ്ങൾ ഈ വികസന മാതൃക കൃത്യമായി മനസ്സിലാക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് പ്രതീക്ഷിക്കുന്നത് പോലും വലിയ തെറ്റാണ്. കാരണം ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രീണന രാഷ്‌ട്രീയമായിരുന്നു കോൺഗ്രസ് എല്ലാകാലത്തും പയറ്റിയത്. അംബേദ്കറിനെതിരെ ഗൂഢാലോചന നടത്തിയ പാർട്ടിയാണിത്. അദ്ദേഹത്തിന് ഭാരതരത്ന പോലും നൽകാൻ അവർ കൂട്ടിക്കിയില്ല. അതേ കോൺഗ്രസ് ഇപ്പോൾ ‘ജയ് ഭീം’ മുഴക്കാൻ നിർബന്ധിതരായിരിക്കുന്നു. നിലനിൽപ്പിന് വേണ്ടി എന്ത് മുഖംമൂടി അണിയാനും ഇവർ തയ്യാറാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
എല്ലാം വിഭാഗം ജനങ്ങളേയും ചേർത്ത് പിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ദളിത്, വനവാസി വിഭാഗത്തിന്റെ വികസനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ 70-ലധികം അംഗങ്ങൾ രാജ്യസഭയിൽ പങ്കെടുത്തു.















