ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞും വികലമായ നയങ്ങൾ രാജ്യത്തിന് വരുത്തിവെച്ച നഷ്ടം ചൂണ്ടിക്കാട്ടിയുമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്.
കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ മാനിച്ചിരുന്നില്ലെന്ന്
പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഭരണഘടനാ സൃഷ്ടാക്കളെ ബഹുമാനിച്ചും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് നാം മുന്നോട്ട് പോകുന്നത്. ഭരണഘടനയെ അടുത്ത് മനസ്സിലാക്കിയവർ ഏക സിവിൽ കോഡിനെ എതിർക്കില്ല.
മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും പ്രധാനമന്ത്രി രൂക്ഷയായി വിമർശിച്ചു. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കി നെഹ്റു ഭരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി, എതിർത്ത് സംസാരിക്കുന്നവരെ ജയിലിൽ അടച്ച ചെയ്ത നെഹ്റു പക്ഷെ ഡെമോക്രാറ്റ് എന്ന ലേബലിൽ ലോകം ചുറ്റി സഞ്ചരിച്ചു. ചരിത്രത്തിലെ വിവിധ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.
അംബേദ്ക്കറിനെയോ അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളേയോ അംഗീകരിക്കാൻ ഒരിക്കലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് കൃഷി ഉപജീവനമാർഗമാക്കാൻ കഴിയില്ലെന്നും അതിനാൽ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കണമെന്നും അംബേദ്ക്കർ ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആശയങ്ങൾ കോൺഗ്രസ് പൂർണമായും നിരാകരിച്ചു. ഇപ്പോൾ കോൺഗ്രസ് ജയ് ഭീം മുഴക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. ഒബിസി കമ്മീഷന് ഭരണഘടനാ പദവി നൽകുന്നതിനെ എതിർത്ത പാർട്ടിയാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിന്റെ അഹങ്കാരം പതിറ്റാണ്ടുകളോളം ഒരു രാജ്യം ദുരിതത്തിലാക്കി. “നുണകൾ, അഴിമതി, കുടുംബം, പ്രീണനം” എന്നിവയാണ് കോൺഗ്രസിന്റെ രാഷ്‌ട്രീയ നയങ്ങളെന്നും ഒറ്റ കുടുംബത്തിന്റെ സൗഖ്യത്തിലാണ് അവരുടെ ശ്രദ്ധയെന്നും പ്രധാനമന്ത്രി പരിഹസിച്ചു















